"ഓരോ മരണവും ബാക്കി ആക്കുന്നത്
സ്നേഹ രാഹിത്യത്തിന്റെ വന്കടലുകള്‍ ആണ്."
നാളെ കര്‍ക്കിടക വാവ് ....മരണത്തിന്റെ കൈ പിടിച്ച പോയവര്‍ പ്രിയപെട്ടവരെ കാണാന്‍ വീണ്ടും ഭൂമിയിലേക്ക് എത്തുമെന്ന് നാം വിശ്വസിക്കുന്ന ദിനം. കുട്ടികാലം തൊട്ടേ ഓരോ മരണവും എന്റെ ജീവിതത്തില്‍ ശൂന്യത സൃഷ്ടിച്ചിരുന്നു . മറ്റൊരാള്‍ ഒരാള്‍ക്ക് പകരം ആകില്ല എന്ന് ഓരോ മരണവും പറഞ്ഞു തന്നു ..എല്ലാവരും എപ്പോഴും ഒപ്പം ഉണ്ടാകില്ല എന്ന് ഓരോ മരണവും ഓര്‍മ്മ പെടുത്തി. ഓരോ മരണവും എന്നെ ഞെട്ടിച്ചു ...എന്നെ അനാഥ ആക്കി . യാത്ര പറയാതെ അവര്‍ പോകുന്നത് നിസ്സഹയായി ഞാന്‍ നോക്കി നിന്ന് , തിരികെ വരില്ലെന്നറിഞ്ഞിട്ടും പിന്‍ വിളികളുമായി ...ഇപ്പോഴും പനിച്ചു പൊള്ളുന്ന രാത്രികളില്‍ തണുത്ത കരസ്പര്‍ശങ്ങള്‍ ഞാന്‍ അറിയുന്നു . ഒറ്റപ്പെട്ടു പോകുന്ന സന്ദര്‍ഭങ്ങളില്‍ ആരോ തണല്‍ ആകുന്നു ...നാം കാണുന്നത് മാത്രമല്ലെല്ലോ ജീവിതം ...അതിനും അപ്പുറം ലോകം എന്തൊക്കെയോ നിഗൂടതകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നു .
ഇന്ന് മഴ പകല്‍ മുഴുവന്‍ തകര്‍ത്തു പെയ്യുകയായിരുന്നു , അനുഗ്രഹ വര്ഷം പോലെ തോന്നി എനിക്ക് . വൈകിട്ട് ഓഫീസില്‍ നിന്നിറങ്ങാന്‍ നേരം ആയപ്പോഴും തോരമഴ കണ്ടു എല്ലാവരും മഴയെ ശപിച്ചു , ഞാന്‍ അപ്പോഴും പുഞ്ചിരിച്ചു. ഓരോ മഴ നൂലിനൊപ്പവും ആരൊക്കെയോ ഭൂമിയിലേക്ക് ഇറങ്ങി വരും പോലെ ...കുട പിടിച്ചു ബസ് സ്ടോപ്പിലെക്ക് നടക്കുമ്പോള്‍ ആരോ പറയുന്നത് കേട്ടു, വാവ് കഴിയാതെ മഴ തോരില്ല ...
എത്ര പവിത്രം ആയ വിശ്വാസമാണ് ഇത് .നമ്മുടെ പ്രിയപ്പെട്ടവര്‍ മറ്റൊരു ലോകത്ത് നിന്നും നമ്മെ കാണാന്‍ വരുന്നു ..അവരുടെ മോക്ഷത്തിനായി നാം വൃതം നോറ്റ് ബലി ഇടുന്നു . മുന്‍ തലമുറയെ നാം എത്ര മാത്രം വില കല്‍പ്പിക്കുന്നു ഇതിലുടെ ....എന്നാല്‍ ഇന്നോ ? ജീവിച്ചിരിക്കുന്ന മുതിര്‍ന്നവരെ നോക്കാനോ സ്നേഹത്തോടെ ഒരു വാക്ക് സംസാരിക്കാനോ തയ്യാറാകാത്ത എത്രെയോ മക്കള്‍ ഉണ്ട് ഇവിടെ ....പ്ന്നെയാണ് മരിച്ച ശേഷം അവരെ ഓര്‍ക്കുന്നത് !
മരിച്ചവര്‍ നക്ഷത്രങ്ങള്‍ ആകുമത്രേ ...ഓരോ നക്ഷത്രവും ഭൂമിയിലേക്ക് ഇറങ്ങി വന്നെങ്കില്‍ ...ഈ രാത്രിയില്‍ എങ്കിലും ....അവയുടെ പ്രകാശം മനുഷ്യ മനസുകളില്‍ നിറഞ്ഞെങ്കില്‍....ഈ ലോകം സുന്ദരം ആയെങ്കില്‍ ......