Friday, July 29, 2011

       "ഓരോ മരണവും ബാക്കി ആക്കുന്നത്
സ്നേഹ രാഹിത്യത്തിന്റെ വന്കടലുകള്‍ ആണ്."  
നാളെ കര്‍ക്കിടക വാവ് ....മരണത്തിന്റെ കൈ പിടിച്ച പോയവര്‍ പ്രിയപെട്ടവരെ കാണാന്‍ വീണ്ടും ഭൂമിയിലേക്ക്‌ എത്തുമെന്ന് നാം വിശ്വസിക്കുന്ന ദിനം. കുട്ടികാലം തൊട്ടേ ഓരോ മരണവും എന്റെ ജീവിതത്തില്‍ ശൂന്യത സൃഷ്ടിച്ചിരുന്നു . മറ്റൊരാള്‍ ഒരാള്‍ക്ക്‌ പകരം ആകില്ല എന്ന് ഓരോ മരണവും പറഞ്ഞു തന്നു ..എല്ലാവരും എപ്പോഴും ഒപ്പം ഉണ്ടാകില്ല എന്ന് ഓരോ മരണവും ഓര്‍മ്മ പെടുത്തി. ഓരോ മരണവും എന്നെ ഞെട്ടിച്ചു ...എന്നെ അനാഥ ആക്കി . യാത്ര പറയാതെ അവര്‍ പോകുന്നത് നിസ്സഹയായി ഞാന്‍ നോക്കി നിന്ന് ,  തിരികെ വരില്ലെന്നറിഞ്ഞിട്ടും പിന്‍ വിളികളുമായി ...ഇപ്പോഴും പനിച്ചു പൊള്ളുന്ന രാത്രികളില്‍ തണുത്ത കരസ്പര്‍ശങ്ങള്‍ ഞാന്‍ അറിയുന്നു . ഒറ്റപ്പെട്ടു പോകുന്ന സന്ദര്‍ഭങ്ങളില്‍ ആരോ തണല്‍ ആകുന്നു ...നാം കാണുന്നത് മാത്രമല്ലെല്ലോ ജീവിതം ...അതിനും അപ്പുറം ലോകം എന്തൊക്കെയോ നിഗൂടതകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നു . 

ഇന്ന് മഴ പകല്‍ മുഴുവന്‍ തകര്‍ത്തു പെയ്യുകയായിരുന്നു , അനുഗ്രഹ വര്ഷം പോലെ തോന്നി എനിക്ക് . വൈകിട്ട് ഓഫീസില്‍ നിന്നിറങ്ങാന്‍ നേരം ആയപ്പോഴും തോരമഴ കണ്ടു എല്ലാവരും മഴയെ ശപിച്ചു , ഞാന്‍ അപ്പോഴും പുഞ്ചിരിച്ചു. ഓരോ മഴ നൂലിനൊപ്പവും ആരൊക്കെയോ ഭൂമിയിലേക്ക്‌ ഇറങ്ങി വരും പോലെ ...കുട പിടിച്ചു ബസ് സ്ടോപ്പിലെക്ക്  നടക്കുമ്പോള്‍ ആരോ പറയുന്നത് കേട്ടു, വാവ് കഴിയാതെ മഴ തോരില്ല ...
എത്ര പവിത്രം ആയ വിശ്വാസമാണ് ഇത് .നമ്മുടെ പ്രിയപ്പെട്ടവര്‍ മറ്റൊരു ലോകത്ത് നിന്നും നമ്മെ കാണാന്‍ വരുന്നു ..അവരുടെ മോക്ഷത്തിനായി നാം വൃതം നോറ്റ് ബലി ഇടുന്നു . മുന്‍ തലമുറയെ നാം എത്ര മാത്രം വില കല്‍പ്പിക്കുന്നു ഇതിലുടെ ....എന്നാല്‍ ഇന്നോ ? ജീവിച്ചിരിക്കുന്ന മുതിര്‍ന്നവരെ നോക്കാനോ  സ്നേഹത്തോടെ ഒരു വാക്ക് സംസാരിക്കാനോ തയ്യാറാകാത്ത എത്രെയോ മക്കള്‍ ഉണ്ട് ഇവിടെ ....പ്ന്നെയാണ് മരിച്ച ശേഷം അവരെ ഓര്‍ക്കുന്നത് !

മരിച്ചവര്‍ നക്ഷത്രങ്ങള്‍ ആകുമത്രേ ...ഓരോ നക്ഷത്രവും ഭൂമിയിലേക്ക്‌ ഇറങ്ങി വന്നെങ്കില്‍ ...ഈ രാത്രിയില്‍ എങ്കിലും ....അവയുടെ പ്രകാശം മനുഷ്യ മനസുകളില്‍ നിറഞ്ഞെങ്കില്‍....ഈ ലോകം സുന്ദരം ആയെങ്കില്‍ ......
ഒറ്റയടി പാതയുടെ ഓരത്തെവിടെയോ
ഒരു വിരല്‍ത്തുമ്പ് അകലെ നീ ഉണ്ടായിരുന്നല്ലേ ?
പൊടി കൂട്ടങ്ങള്‍ എന്റെ കണ്ണിമകളെ
മറച്ചു കളഞ്ഞിരുന്നു ...
ചൂണ്ടി കാണിക്കാന്‍ ഒപ്പമാരും ഉണ്ടായിരുന്നുമില്ല.

വഴി അവസാനിക്കുന്നില്ലെല്ലോ ?, ഞാന്‍ ആശ്വസിച്ചു.
അമ്പിളിയെ പോലെ നീ എന്നെ പിന്തുടരുമെന്നും.

ഒന്നുകില്‍ ,
ഒരിക്കലും സന്ധിക്കാത്ത വഴികളിലുടെ ആവാം 
നമ്മുടെ യാത്ര ...
അല്ലെങ്കില്‍ ,
വഴികള്‍ സന്ധിക്കുന്നത് പിരിയാന്‍ വേണ്ടി മാത്രമാവാം.

Wednesday, June 8, 2011

ഓഫീസിലേക്ക്  ഇറങ്ങാനുള്ള തിരക്കില്‍ 
പലപ്പോഴും പത്രവാര്‍ത്തകള്‍ വായിച്ചു 
കേള്‍പ്പിക്കാരുള്ളത് അച്ഛനാണ് ....
ഇന്ന് അച്ഛന്‍ പത്രവും ആയി നേരെ 
എന്റെ മുന്നിലെത്തി ...
ചരമ പേജിലെ ചിരിക്കുന്ന മുഖത്തിന്‌ 
പച്ചക്കറി കടയിലെ പയ്യനോട് സാമ്യം
ഉറപ്പു വരുത്താന്‍ വന്നതാണ് അച്ഛന്‍ 
ആര്‍ക്കും ഏതു നിമിഷവും കേറി ഇരിക്കാനുള്ള 
സ്ഥലമായി മാറിയിരിക്കുന്നു ചരമ പേജ് !

Friday, June 3, 2011

മനസ്സിന്റെ ഇറയത്തു നിന്നും
പെട്ടെന്നൊരു നാള്‍ നീ ഇറങ്ങി വന്നു.
എന്റെ ഓര്‍മകളെ ഭ്രാന്ത്‌ പിടിപ്പിക്കാന്‍...
മൈഗ്രന്‍ രാത്രിയിലെന്ന പോലെ 
സ്നേഹ സാമ്രാജ്യങ്ങളിലേക്ക് 
മഴ നാരുകള്‍ കോര്‍ത്തിണക്കി 
എന്റെ വിമൂകതയില്‍ നിശാശലഭം 
പോലെ നീ പാറി ....
നിന്റെ സ്വപ്നങ്ങളുടെ തുമ്പിലേക്ക്‌ 
എന്നെയും കൂടി കൊരുത്തിടുക 
വര്‍ണ ശബളിമം ആകട്ടെ അവയും...
പക്ഷെ ...
ഓര്‍മ്മകള്‍ക്കൊപ്പം  എന്നെ വിട്ടേക്കുക!!!

Tuesday, April 19, 2011

നിന്റെ കേള്‍വിക്കാരി ആയിരുന്നു ഞാന്‍ 
ഇത്ര നാളും...
കടല്‍ കാറ്റ് ഏറ്റു കടല കൊറിച്ചു 
നമ്മള്‍ കലഹിചിരുന്നത് നിന്റെ 
ആദര്‍ശങ്ങള്‍ക്ക് വേണ്ടി ആയിരുന്നു 
എന്നേക്കാള്‍ പ്രിയപ്പെട്ട ആദര്‍ശങ്ങള്‍ക്ക് വേണ്ടി...
എന്നിട്ട്,
പെട്ടന്നൊരു നാള്‍ നീ നടന്നകന്നു, 
വിശ്വാസങ്ങളെ തള്ളി പറഞ്ഞ്....

നാളെ നിനക്കെന്റെ പ്രണയവും ചെടിചെക്കാം
കാരണങ്ങള്‍ ഇല്ലാതെ പ്രണയിനിയെയും തള്ളി പറഞ്ഞേക്കാം 
വാക്കിനും  വിശ്വാസത്തിനും വിലയില്ലാത്ത ലോകത്ത് നിന്നും 
മറ്റെന്താണ് പ്രതീക്ഷിക്കാന്‍ ആകുക ?

ഇന്നലെ വരെ നിനക്ക് പൊയ്മുഖങ്ങള്‍ ഇല്ലായിരുന്നു 
ഇന്ന് നീയും അവര്‍ക്കൊപ്പം കൂടി 
"അവര്‍" ആണെല്ലോ ഭൂരിപക്ഷം 
ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തെ മാനിക്കാതെ തരമില്ലെല്ലോ ?